തൈച്ചിറയില്‍ കൃഷ്ണന് രാമഭദ്രന്
ബഹുമുഖപ്രതിഭ: ഗാനരചയിതാവു്, നാടകനടന്‍, സിനിമാനടന്, ഒട്ടന്തുള്ളല് രചയിതാവു്.
ജന്മസ്ഥലം: ആലപ്പുഴ, പുന്നപ്ര
തൊഴില്‍: കാറ്ററിംഗു് സൂപ്രണ്ടു്, ഇന്ത്യന്‍ ഏയര്ലൈന്സ്സു്, മീനമ്പാക്കം, മദ്രാസ്സു്.
ഭാര്യ: സുമതി. (മകള്‍ സുചിത്രയോടൊപ്പം ഇന്നു് മദ്രാസ്സില്‍ താമസിക്കുന്നു).
ആണ്മക്കളില് - സുപാല്‍ കുറച്ചു നാള് യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലായിരുന്നു.
ഗ്രാമഫോണ്‍ കമ്പനി ഒഫു് ഇന്ത്യയുടെ മദ്രാസിലെ റെക്കൊര്ഡിംഗു് ആഫീസറായ മങ്കപതിയുടെ അഭ്യര്‍ത്ഥന മാനിച്ചു് ഭദ്രന് ആദ്യത്തെ പത്തു് അയ്യപ്പഭക്തിഗാനങ്ങള്‍ എഴുതി. 1975ല്‍ ഭക്തകോടികള്ക്കായി അതു കാഴ്ചവെച്ചു. ഇതില്‍ ആറെണ്ണത്തിനു് യേശുദാസും, നാലെണ്ണത്തിനു് ചിതംബരനാഥും സംഗീതസംവിധാനം നല്കി. ഈ പത്തു ഗാനങ്ങള്‍ ഇപ്പോള്‍ സരിഗമയുടെ ബാനറില്‍ "ഗംഗയാര്‍" എന്ന പേരില്‍ ലഭ്യമാണു്.
ആദ്യത്തെ പത്തുപാട്ടിനു ശേഷം വീണ്ടും 20 അയ്യപ്പഭക്തിഗാനങ്ങള്‍ കൂടി ഭദ്രന് എഴുതി. തരംഗിണി ഇറക്കിയ 'അയ്യപ്പഭക്തിഗാനങ്ങള്‍ Vol.01' എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനങ്ങളും സംഗീത ഇറക്കിയ 'ആ ദിവ്യനാമം' ഗാനങ്ങളും.
രചിച്ച 30 ഗാനങ്ങളുടെയും വരികള്‍ ചേര്‍ത്തു്, ശ്രീകുമാരന്‍ തമ്പിയുടെ ഒരു അവതാരികയോടുകൂടി, 'പോകൂ പോകൂ പൊന്മലയില്' എന്ന ഒരു പുസ്തകം 1976 നവംബറില്‍ ഭദ്രന് പ്രസിദ്ധീകരിച്ചു.
1976 ഒക്ടോബറില്‍ 'അയ്യപ്പസ്വാമി' എന്ന ഒരു പുസ്തകം കൂടി ഭദ്രന് പ്രസിദ്ധീകരിച്ചു. ഇതില്‍ അയ്യപ്പസ്വാമി, ശ്രീ അയ്യപ്പസുപ്രഭാതം എന്ന രണ്ടു് കാവ്യങ്ങള്‍ അടങ്ങിയിരിക്കുന്നു.
പുസ്തകങ്ങള്‍ക്കു് വേണ്ടി ഭദ്രന് എഴുതിയ മുഖവുരയും തിക്കുറിശ്ശിയുടെ അവതാരികയും ചേര്‍ത്തു വായിച്ചാല്‍ തന്നെ ഭദ്രന്റെ ഭക്തിയുടെയും എളിമയുടേയും ആഴം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. തിക്കുറിശ്ശിയുടെ വാക്കുകളില്‍, 'പ്രസിദ്ധിയ്ക്കു വേണ്ടി ഉഴറി നടക്കുന്ന കൂട്ടത്തിലല്ല ഭദ്രന്. കവിതയെഴുത്തു് സ്വന്തം ആത്മാവിന്റ സംതൃപ്തിക്കു വേണ്ടിയാണു്. - സഹൃദയസുഹൃത്തുക്കള്ക്കു് കേള്‍ക്കാന്‍ വേണ്ടി മാത്രം, ചിലപ്പോള്‍, സ്വതസിദ്ധമായ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളില്‍ നിന്നും കിട്ടുന്ന ആഹ്ലാദം മാത്രമാണു് ഭദ്രന്റെ ആകെക്കൂടിയുള്ള വരുമാനം.'
ശബരിമലയിലേക്കു് മക്കള്‍ പോകാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും, അയ്യപ്പഭക്തനായ ഇദ്ദേഹം ഒരു പ്രാവശ്യം പോലും അയ്യപ്പദര്ശ്ശനത്തിനായി ശബരിമലയിലേക്കു് പോയിട്ടില്ല!
പരോപകാരത്തിനായി ഉടലെടുത്ത ഒരു ജന്മം. മദ്രാസ്സിലെ മലയാളികളുടെ സ്വന്തം ഭദ്രന് ചേട്ടന്. അന്നു് മദ്രാസ്സിലെ മലയാളികളുടെ ഇടയില്‍ ഭദ്രന് ഇല്ലാതെ ഒരോണമില്ല. മലായാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്കു വേണ്ടി 'ഓണസന്ദേശം', 'കുടുംബാസൂത്രണം', 'മറുനാടന്‍ മലയാളി' എന്നിങ്ങനെ ഒട്ടനവധി ഓട്ടന്‍ തുള്ളലുകളും ഭദ്രന് രചിച്ചു്, അവ മലയാളികള്‍ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ടു്.
ഒരു നാടകനടനും കൂടിയായിരുന്നിദ്ദേഹം.
ഭദ്രന് ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ടു് : നായര്‍ പിടിച്ച പുലിവാലു്, അമ്പലപ്രാവു്, എഴുതാത്ത കഥ, സ്ത്രീ, ഡേന്ജര് ബിസ്ക്കറ്റു്, കണ്ണൂര്‍ ഡീലക്സു്,
ഇന്ത്യന്‍ ഏയര്ലൈന്സ്സില് നിന്നു പിരിഞ്ഞതിനു ശേഷമുള്ള കാലം ഇദ്ദേഹം മദ്രാസില്‍ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നു.
തയ്യാറാക്കിയതു്: മാധവാഭദ്രന്
Dt: 30th January, 2011
അവലംബം:
1. റ്റി. കെ. ആര്. ഭദ്രന്റെ പുസ്തകങ്ങള്‍ - പോകൂ പോകൂ പൊന്മലയില് & അയ്യപ്പസ്വാമി
2. മകള്‍ സുചിത്ര നേരിട്ടു് നല്കിയ വിവരങ്ങള്‍.